നിഷ്ക്രിയ ആസ്തി: ഒറ്റത്തവണ തീർപ്പാക്കലിന് കെ എഫ് സി അദാലത്ത്

Share

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സെപ്റ്റംബറിൽ ഒറ്റ തവണ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിക്കുന്നു. നിഷ്ക്രിയ ആസ്തി ആയ വായ്പകൾ വമ്പിച്ച ആനുകൂല്യങ്ങളോടെ തീർപ്പാക്കാൻ അവസരമുണ്ടാകും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, വലിയ ആനുകൂല്യങ്ങൾ ആയിരിക്കും അദാലത്തിൽ ലഭിക്കുക.

രണ്ടു വർഷത്തോളമായി തുടരുന്ന മഹാമാരി വ്യവസായികൾക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ, വായ്പകൾ എടുത്തിട്ടുള്ളവർ തിരിച്ചടയ്ക്കാൻ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.

“കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും എടുത്ത വായ്പകൾക്ക് മോറട്ടോറിയവും പുനക്രമീകരണവും പലിശ നിരക്കിൽ കുറവും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ഒറ്റത്തവണ തീർപ്പാക്കലിലൂടെ വായ്പ അടച്ച് ബാധ്യത തീർക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ധാരാളം അപേക്ഷകൾ ലഭിക്കുന്നുണ്ട്.” കെ എഫ് സി – സി എം ഡി ശ്രി. സഞ്ജയ് കൗൾ IAS പറഞ്ഞു. ഈ സാഹചര്യത്തിലാണ് അദാലത് സംഘടിപ്പിക്കുവാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം ജൂൺ 30 ന് നിഷ്ക്രിയ ആസ്തി ആയി രേഖപ്പെടുത്തിയ വായ്പകളാണ് ആണ് അദാലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ പങ്കെടുക്കുന്നതിനായി ഓഗസ്റ്റ് 24 മുതൽ അപേക്ഷ നൽകാം. ബാക്കി നിൽക്കുന്ന മുതൽ തുകയുടെ ഒരു ശതമാനം അഡ്വാൻസ് ആയി അടക്കണം.

സെപ്റ്റംബർ അവസാനത്തോടെയാണ് അദാലത്തു നടക്കുക. സുതാര്യത ഉറപ്പു വരുത്താനായി റിട്ടയേഡ് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ ബോർഡിന്റെ സബ് കമ്മറ്റിയാണ് തീരുമാനമെടുക്കുക.. ഈ ദിവസങ്ങളിൽ ഇടപാടുകാരുമായി ചർച്ച ചെയ്തു, തീർപ്പാക്കേണ്ട തുകയിൽ ഉഭയ സമ്മതത്തോടെയുള്ള തീരുമാനമെടുക്കും. വായ്പയുടെ കാറ്റഗറി, വായ്പ യിലെ ഇതുവരെയുള്ള തിരിച്ചടവ്, സെക്യൂരിറ്റി, തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് അദാലത്തു തുക തീരുമാനിക്കുക.

അദാലത് തുക അടയ്ക്കുവാൻ ഇടപാടുകാർക്ക് ഡിസംബർ 31 വരെ സമയം ലഭിക്കും. ഈ തുക നവംബർ 30ന് ഉള്ളിൽ അടക്കുകയാണെങ്കിൽ 10% അധിക പലിശ ഇളവും ലഭിക്കുന്നതാണ്.