ദേശീയ ടെലി മാനസികാരോഗ്യ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം; മുന്‍പേ നടന്ന് കേരളം | Union Budget 2022 Malayalam| Union Budget news

Share

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച പുതിയ പദ്ധതിയാണ് ദേശീയ ടെലി മാനസികാരോഗ്യ പദ്ധതി(National Tele-Mental Health Programme). 

കോവിഡ് മഹാമാരി എല്ലാ പ്രായത്തിലുമുള്ള ആളുകളുടെയും മാനസികാരോഗ്യത്തെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാ പൗരന്‍മാര്‍ക്കും മികച്ച ഗുണനിലവാരമുള്ള മാനസികാരോഗ്യ സേവനങ്ങളും കൗണ്‍സലിങും ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ദേശീയ ടെലി മാനസികാരോഗ്യ പദ്ധതി(നാഷണല്‍ ടെലി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം) ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ടെലി ഹെല്‍പ് ലൈനുകള്‍ സ്ഥാപിക്കും. മാനസികാരോഗ്യ സംരക്ഷണത്തിനായി ടെലി കണ്‍സള്‍ട്ടേഷന്‍ മോഡലിലുള്ള ഒരു പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. 

23 ടെലി മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ എക്‌സലന്‍സുകളാണ് സ്ഥാപിക്കുക. അതിന്റെ നോഡല്‍ സെന്ററായി ബാംഗ്ലൂര്‍ നിംഹാന്‍സും സാങ്കേതികസഹായത്തിനായി ബാംഗ്ലൂര്‍ ഐ.ഐ.ടിയും എന്ന രീതിയിലാണ് ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

എന്നാല്‍ ഇക്കാര്യം കേരളം നേരത്തെ തന്നെ നടപ്പിലാക്കിക്കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ 14 ജില്ലകളിലും ജില്ലാ മാനസികാരോഗ്യ പരിപാടി(ഡിസ്ട്രിക്ട് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം) എന്ന പദ്ധതി നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ടെലി ഹെല്‍പ്പ് ലൈനുകളും ലഭ്യമാണ്. കോവിഡ് കാലത്ത് അത് മികച്ച രീതിയില്‍ നടപ്പിലാക്കിയിട്ടുമുണ്ട്. അതിനാല്‍ തന്നെ ഈ പുതിയ ബജറ്റ് പ്രഖ്യാപനം കേരളത്തിന് എത്രമാത്രം ഫലപ്രദമാവുമെന്ന് പറയാനാവില്ല. എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ കുറവുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഇത് ഗുണകരമായേക്കുമെന്നും തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജേലെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ ബി. നായര്‍ പറഞ്ഞു.  

ഇതിനൊപ്പം ഒരു ഡിജിറ്റല്‍ രജിസ്ട്രിക്ക് കൂടി രൂപം നല്‍കാന്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ആരോഗ്യസംവിധാനങ്ങള്‍, മാനസികാരോഗ്യ സേവന ദാതാക്കള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഡിജിറ്റല്‍ രജിസ്ട്രി തയ്യാറാക്കാനാണ് നിര്‍ദേശം. ഇത് വഴി എവിടെ ഇരുന്നുകൊണ്ട് വേണമെങ്കിലും ഈ സേവനദാതാക്കളെ ഓണ്‍ലൈനായി സമീപിക്കാനുള്ള ഒരു സംവിധാനമായി ഇത് മാറ്റാനാകുമെന്നും ഡോ. അരുണ്‍ ബി.നായര്‍ അഭിപ്രായപ്പെട്ടു. 

മാനസികാരോഗ്യ പദ്ധതിയുടെ വളരെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ് എല്ലാവര്‍ക്കും അനായാസം ഉന്നത ഗുണനിലവാരമുള്ള മാനസികാരോഗ്യ പരിചരണത്തിനുള്ള ലഭ്യത ഉറപ്പുവരുത്തുക (access to universal mental health care) എന്നത്.  എന്നാല്‍ പല പല കാരണങ്ങള്‍ കൊണ്ടും അത് നടക്കാതെ വന്നിരുന്നു. പക്ഷേ, ഇത്തരമൊരു സംവിധാനം നടപ്പിലായാല്‍ ഈ ലക്ഷ്യം ഉറപ്പുവരുത്താന്‍ സാധിക്കും. 

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കുട്ടികളുടെ വികാസവുമായി ബന്ധപ്പെട്ട മറ്റൊരു പദ്ധതിയെക്കുറിച്ചാണ്. രണ്ട് ലക്ഷം അംഗന്‍വാടികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൂടുതല്‍ ഓഡിയോ വിഷ്വല്‍ സൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും ഒരുക്കിക്കൊണ്ടുള്ള ന്യൂജെന്‍ അംഗന്‍വാടികളാക്കി മാറ്റുന്നു എന്നാണ് ബജറ്റ് പ്രഖ്യാപനം. ഇത് മികച്ച ഒരു തീരുമാനമാണെന്ന് ഡോ.അരുണ്‍ ബി.നായര്‍ പറയുന്നു. 

ലോകമെങ്ങും ഇപ്പോള്‍ ഗവേഷണം നടക്കുന്ന ഒരു മേഖലയാണ് കുട്ടികളുടെ വികാസവും രക്ഷാകര്‍തൃത്വവും(പാരന്റിങ് ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ്). ഈ മേഖലയ്ക്കും തുക വകയിരുത്തുന്നത് തീര്‍ച്ചയായും വളരെ നല്ല ആശയമാണ്. കാരണം, മാനസികാരോഗ്യ പ്രശ്‌നങ്ങളില്‍ 50 ശതമാനവും 14 വയസ്സിന് മുന്‍പാണ് പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍ തന്നെ ചെറുപ്രായം മുതല്‍ തന്നെ മാനസികാരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ഈ പറഞ്ഞ പദ്ധതികള്‍ സഹായകമാകും- ഡോ. അരുണ്‍ ബി.നായര്‍ പറയുന്നു. 

Content Highlights: Union Budget 2022-National Tele-Mental Health Programme to be launched