തൊഴില്‍ സ്ഥാപനങ്ങളില്‍ പരാതി പരിഹാര സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം: വനിതാ കമ്മീഷന്‍

Share

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി. തലശ്ശേരി താലൂക്ക് തല വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. തൊഴില്‍ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട് കമ്മീഷന്റെ മുന്നിലെത്തുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിര്‍ദേശം. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപികമാര്‍ക്ക് ശമ്പളം കിട്ടാത്ത അവസ്ഥയുണ്ട്. സേവനവേതന വ്യവസ്ഥകള്‍ പാലിക്കാത്ത തരത്തിലാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ നടപടി ഉണ്ടാവണം. ഗാര്‍ഹിക, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് നിരവധി പരാതികള്‍ വനിതാ കമ്മീഷന്‍ മുമ്പാകെ എത്തുന്നുണ്ട്. ഇത്തരം പരാതികളില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയ വഴി സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കും. ഒരു യൂ ട്യൂബ് ചാനലില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തെ ക്കുറിച്ച് പറയുന്നത് കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യാനും അതില്‍പ്പറയുന്ന കാര്യങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷണം നടത്താനുമുള്ള നടപടി ഡിജിപി വഴി സ്വീകരിക്കുമെന്നും പി സതീദേവി പറഞ്ഞു.

അദാലത്തില്‍ 63 പരാതികളാണ് എത്തിയത്. 36 എണ്ണം പരിഗണിച്ചതില്‍  അഞ്ചെണ്ണം തീര്‍പ്പാക്കി. 18 എണ്ണത്തില്‍ എതിര്‍ കക്ഷികളെ ഹാജരായില്ല. ഇതുമായി ബന്ധപ്പെട്ട് എതിര്‍ കക്ഷികള്‍ ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 58 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി വച്ചു. അടുത്ത അദാലത്ത് നവംബര്‍ രണ്ടിന് പയ്യന്നൂരില്‍ നടക്കും.

തലശ്ശേരി നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ, ലീഗല്‍ പാനല്‍ അംഗങ്ങളായ അഡ്വ. പത്മജ പത്മനാഭന്‍, അഡ്വ. കെ എം പ്രമീള, അഡ്വ. കെ പി ഷിമ്മി, അഡ്വ. ടി പ്രജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *