തദ്ദേശസ്ഥാപനതല സ്പോർട്സ് കൗൺസിൽ, തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Share

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്പോർട്സ് നിയമത്തിൽ അനുശാസിക്കുന്ന വിധത്തിൽ എക്സ് ഒഫീഷ്യോ അംഗങ്ങൾ, നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിങ്ങനെയാണ് കൗൺസിലിൽ അംഗങ്ങൾ ഉണ്ടാവുക. ഇതിൽ തെരഞ്ഞെടുക്കപ്പെടേണ്ടവരെ തെരഞ്ഞെടുക്കാനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും റിട്ടേണിംഗ് ഓഫീസർമാരെ നിയമിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
കോർപ്പറേഷൻ സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറായി ജില്ലാ കലക്ടറേയും മുനിസിപ്പാലിറ്റികൾക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറേയും ഗ്രാമപഞ്ചായത്തുകൾക്ക് ബി ഡി ഒയെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയേയും ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. സ്പോർട്സ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങൾ, ഗ്രാമപഞ്ചായത്തുകൾ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്കും മുനിസിപ്പാലിറ്റികൾ നഗരകാര്യമേഖല ജോയിന്റ് ഡയറക്ടർക്കും കോർപ്പറേഷനുകൾ നഗരകാര്യവകുപ്പിലെ ജോയിന്റ് ഡയറക്ടർക്കും ജനുവരി 15നകം കൈമാറേണ്ടതാണ്. ഗ്രാമ സ്പോർട്സ് കൗൺസിലിലെ അംഗങ്ങളുടെ വിവരം ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി വഴി സംസ്ഥാന സ്പോർട്സ് കൗൺസിലിന് കൈമാറണം. മുനിസിപ്പാലിറ്റകളിലെയും കോർപ്പറേഷനിലെയും വിവരങ്ങൾ ശേഖരിക്കുന്ന ഉദ്യോഗസ്ഥർ അവ സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറിക്ക് കൈമാറുകയും വേണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർദേശിച്ചു.
കായികവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റേയും തദ്ദേശ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടേയും സാന്നിധ്യത്തിൽ നടന്ന യോഗതീരുമാനപ്രകാരമാണ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published.