ഡി.എല്‍.പി ബോര്‍ഡുകള്‍ പൊതുജനങ്ങളില്‍ അവബോധം വര്‍ദ്ധിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

Share

ഡി.എല്‍.പി ബോര്‍ഡുകള്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം റോഡ് നിര്‍മ്മാണ  പ്രവര്‍ത്തനങ്ങളില്‍ കോണ്‍ട്രാക്ടര്‍മാരിലും ഉദ്ദ്യോഗസ്ഥരിലും കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി പ്രദര്‍ശിപ്പിക്കുന്ന (ഡിഫക്ട് ലയബിലിറ്റി പീരിയഡ് – ഡി. എല്‍.പി) ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്റെ ഇടുക്കി നിയോജകമണ്ഡലതല ഉദ്ഘാടനം  പ്രകാശ് ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.. ഡി എല്‍ പി ബോര്‍ഡുകള്‍ സ്ഥാപിതമായതോടെ റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടും. പൊതു ജനങ്ങള്‍ക്ക് റോഡിന്റെ നിര്‍മ്മാണ, പരിപാലന പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വിലയിരുത്താനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.   റോഡിന്റെ നിര്‍മാണ കാലവധി, നിര്‍മാണം നടത്തിയ കോണ്‍ട്രാക്ടര്‍, എഞ്ചിനീയര്‍ എന്നിവരുടെ ഫോണ്‍ നമ്പറുകള്‍, പരാതി പരിഹാര ടോള്‍ ഫ്രീ നമ്പര്‍ ഉള്‍പ്പെടെയാണ് റോഡ് പരിപാലന കാലവധി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. 

‘ജനങ്ങള്‍ കാഴ്ചക്കാരല്ല; കാവല്‍ക്കാരാണ്’ എന്ന  ആശയം പ്രചരിപ്പിച്ച് സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും റോഡ് പരിപാലന കാലവധി ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ്  പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. ഇടുക്കി നിയോജക മണ്ഡലത്തില്‍ പ്രകാശ് ജംഗ്ഷനില്‍ പ്രകാശ് – വെട്ടിക്കാമറ്റം റോഡിലാണ് ഡി.എല്‍.പി ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. 

പ്രകാശ് ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോസഫ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.ജെ ജോണ്‍, റോണി എബ്രഹാം, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാമോന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.