ട്രഷറിയിൽ നിന്ന് 2 കോടി തട്ടി

Spread the love

തിരുവനന്തപുരം: ജില്ലാ കലക്‌റ്ററുടെ അക്കൗണ്ടിൽനിന്ന് ട്രഷറി ഉദ്യോഗസ്ഥൻ രണ്ട് കോടിയിലേറെ രൂപ തട്ടിയെടുത്തു. മാസങ്ങൾക്കു മുമ്പ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്‍റെ യൂസർ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ്. ഈ ഉദ്യോഗസ്ഥൻ ഒറ്റയ്ക്കാണ് അതോ കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു  വ്യക്തമായിട്ടില്ല.

വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം ആർ ബിജുലാലാണ്  രണ്ടുകോടി രൂപ സ്വന്തം ട്രഷറി സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയത്. ഇക്കാര്യം സബ് ട്രഷറി ഓഫീസർ ജില്ലാ ട്രഷറി ഓഫീസറെയും ജില്ലാ ട്രഷറി ഓഫീസർ ട്രഷറി ഡയറക്‌റ്ററെയും വ്യാഴാഴ്ച അറിയിച്ചതായാണ് വിവരം. പോലീസിൽ പരാതി നൽകി.ബിജു ലാലിനെ സസ്‌പെൻഡ് ചെയ്തു. 

വഞ്ചിയൂർ ട്രഷറി യിലെ സബ് ട്രഷറി ഓഫീസർ ഈ വർഷം മെയ് 31ന് സർവീസിൽനിന്ന് വിരമിച്ചു. അതിന് രണ്ടുമാസം മുമ്പ് അദ്ദേഹം വിരമിക്കലിന് മുന്നോടിയായുള്ള അവധി (എൽപിആർ) യിലായിരുന്നു. ഇദ്ദേഹത്തിന്റെ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ചാണ് ജില്ലാ കലക്‌റ്ററുടെ അക്കൗണ്ടിലെ രണ്ടുകോടി രൂപ സീനിയർ അക്കൗണ്ടന്‍റ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്.

ജില്ലാ കലക്‌റ്ററുടെ അക്കൗണ്ടിൽനിന്ന് സ്വന്തം അക്കൗണ്ടിലേക്ക് രണ്ടു കോടി രൂപ മാറ്റിയ ഉടനെ ആ ഇടപാടിന്‍റെ വിവരങ്ങൾ ഇതു സംബന്ധിച്ച രേഖകളിൽനിന്ന് സീനിയർ അക്കൗണ്ടന്‍റ് ഡിലീറ്റ്‌ ചെയ്തു. എന്നാൽ, പണം കൈമാറ്റത്തിനുള്ള ‘ഡേ ബുക്കി’ൽ രണ്ട് കോടിയുടെ വ്യത്യാസം കാണപ്പെട്ടു. 27നാണ് രണ്ടു കോടി രൂപ അടിച്ചുമാറ്റിയതെങ്കിലും ഈ തുക അടുത്ത ദിവസങ്ങളിലും കണ്ടെത്താനാവാതെ വന്നതിനെ തുടർന്ന് ഡേ ബുക് സമർപ്പിക്കാനായില്ല. അങ്ങനെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

സർവീസിൽനിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ പാസ് വേഡും യൂസർ നെയിമും അന്നുതന്നെ റദ്ദാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്‍റെ പാസ് വേഡും യൂസർ നെയിമും ഉപയോഗിച്ച് ജൂലൈ 27ന് എങ്ങനെ പണം മാറ്റാനായി എന്നതാണ് അദ്‌ഭുതം..

രണ്ടു കോടിയുടെ തട്ടിപ്പുമാത്രമേ പുറത്തു വന്നിട്ടുള്ളൂ.കൂടുതൽ തുക ഇങ്ങനെ തട്ടിയെടുത്തിട്ടുണ്ടാവാം എന്നാണ് സംശയം. കലക്‌റ്ററേറ്റ് മുമ്പ് വഞ്ചിയൂരിലായിരുന്നു. അത് പിന്നീട് കുടപ്പനക്കുന്നിലെ സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും ദൈനംദിന ഉപയോഗത്തിന്‍റേതല്ലാതെയുള്ള ജില്ലാ കലക്‌റ്ററുടെ ചില അക്കൗണ്ടുകൾ ഇവിടെ തുടരുകയായിരുന്നു. അതിലൊന്നിലെ തട്ടിപ്പാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്.

ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാട് നടക്കുന്ന ട്രഷറി വകുപ്പിൽ സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗസ്ഥർ ചുമതലയിലില്ല. ഐടിയും സെർവറും ഉൾപ്പെടെയുള്ള ചുമതല ഇതിനെപ്പറ്റി ഒരു സാങ്കേതിക യോഗ്യതയും ഇല്ലാത്ത  സീനിയർ സൂപ്രണ്ടിനാണ്. ചീഫ് കോർഡിനേറ്റർ സ്ഥാനവും അധിക തുകയും നൽകിയാണ് അദ്ദേഹത്തെ  നിയോഗിച്ചിട്ടുള്ളത്.

ശമ്പളവും പെൻഷനും നൽകേണ്ടി വരുന്ന എല്ലാ മാസത്തേയും ആദ്യത്തെ ആഴ്ച സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും സാങ്കേതിക പ്രശ്നങ്ങളുണ്ടാവുന്നതും സെർവർ ഡൗണാവുന്നതും പതിവാണ്. എന്നാൽ, അത് പരിഹരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയുന്ന  ഉദ്യോഗസ്ഥരില്ല. വിരമിച്ചവരുടെ പാസ് വേഡ്, യൂസർ ഐഡി എന്നിവ ജനനത്തീയതിയുടെ അടിസ്ഥാനത്തിൽ കൃത്യമായി അറിയാമായിരുന്നിട്ടും അത് മാറ്റാതിരുന്നത് ഇത്തരം കാര്യങ്ങളെപ്പറ്റി ചുമതലക്കാർക്ക് ധാരണയില്ലാത്തതുകൊണ്ടാണ്. എന്നാൽ, ട്രഷറി വകുപ്പിൽ തന്നെ സാങ്കേതിക യോഗ്യതയുള്ളവരുണ്ടെങ്കിലും അവരെ ഇത്തരം ചുമതലകളിൽ നിയോഗിക്കാൻ അധികൃതർ തയാറായിട്ടില്ല.

 ട്രഷറി ഡയറക്‌റ്റർ എ.എം. ജാഫർക്കും ജോയിന്‍റ് ഡയറക്‌റ്റർ വി.സാജനും സർക്കാരിന്‍റെ താക്കീത്. എറണാകുളം ജില്ലാ ട്രഷറി ജീവനക്കാർ തമ്മിൽ പരിധി വിട്ട അടുപ്പമുണ്ടെന്ന് ചൂണ്ടിക്കാട്ടി ട്രഷറി ഡയറക്‌റ്റർ സ്ഥലംമാറ്റ ഉത്തരവിറക്കിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണ ഉത്തരവിറക്കിയത് വിജിലൻസിന്‍റെ ചുമതലയുള്ള ജോയിന്‍റ് ഡയറക്‌റ്ററായിരുന്നു. ഇത് ക്രമപ്രകാരമല്ലെന്നും ഇത്തരം വീഴ്ചകൾ ആവർത്തിക്കരുതെന്നും താക്കീത് നൽകി ജൂലൈ ആദ്യം ഉത്തരവിറക്കിയത് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗാണ്.

Leave a Reply

Your email address will not be published. Required fields are marked *