ഗൂഗിള്‍ പേയ്ക്ക്  നമ്പര്‍ വാങ്ങി പീഡിപ്പിച്ചു

Share

പാലാ: ലോട്ടറി കച്ചവടക്കാരിയായ വീട്ടമ്മയെ വഴിയിൽ ആളൊഴിഞ്ഞ പ്രദേശത്തെ റബർ തോട്ടത്തിൽ പീഡിപ്പിച്ച്‌ മൊബൈൽ ഫോണുമായി രക്ഷപ്പെട്ട കേസിൽ യുവാവ്‌ പിടിയിൽ.  കോട്ടയം ഒളശ്ശ വേലംകുളം രാഹുലിനെയാണ്‌ (21) പാലാ എസ്എച്ച്‌ഒ കെ പി തോംസൺ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വ രാത്രി ഏഴേകാലോടെയാണ് സംഭവം. കോട്ടയത്ത്‌ ലോട്ടറി വിൽപ്പനക്കാരിയായ വീട്ടമ്മയിൽനിന്ന്‌ ഗൂഗിൾപേ ചെയ്യാനെന്ന വ്യാജേന ഇവരുടെ ഫോൺ നമ്പർ കരസ്ഥമാക്കിയ പ്രതി ഫോണിൽ വിളിച്ച്‌ ഇവരുടെ  താമസസ്ഥലം മനസിലാക്കി പിന്തുടർന്നെത്തി പീഡിപ്പിക്കുകയായിരുന്നു.

വീട്ടമ്മ ബഹളം വെച്ച്‌ കൈയിലിരുന്ന ഫോണിൽ  ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ പ്രതി ഫോൺ ബലമായി പിടിച്ചുവാങ്ങി ഓടി രക്ഷപ്പെട്ടു. റോഡിൽ എത്തിയ വീട്ടമ്മയെ ആ സമയം  എത്തിയ ബൈക്ക് യാത്രക്കാരാണ് വീട്ടിൽ എത്തിച്ചത്‌. സംഭവസ്ഥലത്തുനിന്ന്‌ രക്ഷപ്പെട്ട പ്രതി ഓട്ടോയിൽ അയർക്കുന്നത്തെത്തി ബാറിൽ കയറി മദ്യപിച്ചു. ഇതിനിടെ വീട്ടമ്മയുടെ ഫോൺ ഓഫ്‌ ചെയ്‌തു. 

സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ നമ്പർ മനസിലാക്കിയാണ്‌ പൊലീസ്‌ പ്രതിയെ തിരിച്ചറിഞ്ഞ്‌ ഒളശ്ശയിലെ വീട്ടിൽ നിന്ന്‌  പിടികൂടിയത്‌. എസ്ഐ എം ഡി അഭിലാഷ്, എഎസ്ഐ ബിജു കെ തോമസ്, സീനിയർ സിപിഒമാരായ ഷെറിൻ സ്റ്റീഫൻ, സി രഞ്ജിത്ത് എന്നിവരും സംഘത്തിലുണ്ടായി. ഇയാളുടെ വീട്ടിൽനിന്ന്‌ വീട്ടമ്മയുടെ ഫോണും ഊരിമാറ്റിയ സിമ്മും കണ്ടെടുത്തു. പ്രതിയെ റിമാൻഡ്‌ ചെയ്‌തു.
R

Leave a Reply

Your email address will not be published.