കോവിഡ് മരണം: കുട്ടികൾക്കുള്ള ധനസഹായ പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

Share

കോവിഡ് മൂലം മാതാപിതാക്കൾ മരണമടഞ്ഞ കുട്ടികൾക്കുള്ള ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള രണ്ട് കുട്ടികൾക്കായി മൂന്നു ലക്ഷം രൂപ വീതം സർക്കാർ ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചതിന്റെ രേഖകൾ കുട്ടികളുടെയും അവരുടെ നിലവിലുള്ള രക്ഷിതാവിന്റെയും സാന്നിധ്യത്തിൽ മന്ത്രി പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ ഓഫീസർ നിതാ ദാസിന് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസ്റ്റായി നിക്ഷേപിക്കുകയും 18 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് കൈമാറുകയും ചെയ്യും. കൂടാതെ പ്രതിമാസ ധനസഹായം എന്ന നിലയിൽ 2000 രൂപ വീതം കുട്ടികളുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകുകയും ചെയ്യും. കോവിഡ് മൂലം മാതാപിതാക്കൾ അല്ലെങ്കിൽ നിലവിലുള്ള ഏകരക്ഷിതാവ് മരണപ്പെടുന്ന എല്ലാ കുട്ടികൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആദ്യഘട്ടത്തിൽ സംസ്ഥാനത്താകെ 54 കുട്ടികൾക്ക് ഇത്തരത്തിൽ ധനസഹായം അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ വനിത ശിശു വികസന ഓഫീസർ പി. എം. തസ്നിം, കുട്ടികളുടെ ബന്ധുക്കൾ എന്നിവർ പങ്കെടുത്തു.