കോവിഡ് പ്രതിസന്ധി മറികടക്കാൻ ചെറുകിട വ്യവസായങ്ങൾക്ക് 1416 കോടി

Share

സംസ്ഥാനത്തിൻറെ ചെറുകിട വ്യവസായമേഖലയിൽ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായി  1416 കോടിരൂപയുടെ കോവിഡ് സഹായ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. 
ലോക എംഎസ്എംഇ ദിനാചരണത്തോട്  അനുബന്ധിച്ച്  സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംഘടിപ്പിച്ച വെബിനാറിൽ   വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ്  സഹായ പദ്ധതി പ്രഖ്യാപിച്ചത്. 

ലോക് ഡൗണിന്റേയും നിയന്ത്രണങ്ങളുടേയും ഭാഗമായി ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് വൻ നഷ്ടമാണ്  സംഭവിച്ചിരിക്കുന്നത്. ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്ന സംരംഭങ്ങളെ സഹായിക്കുന്നതിനും സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമാണ് സഹായ പദ്ധതിക്ക് സർക്കാർ  രൂപം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് സമാശ്വാസപദ്ധതി 2021 ജൂലൈ ഒന്നുമുതൽ ഡിസംബർ വരെയാണ് പ്രാബല്യത്തിൽ ഉണ്ടാവുക. ഇളവുകൾക്കും ഉത്തേജക പദ്ധതികൾക്കുമായി 1416 കോടി രൂപയുടെ വായ്പ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യും. ബജറ്റ് വിഹിതത്തിൽ നിന്ന് 139 കോടി രൂപ പലിശ സബ്സിഡിക്കും ധനസഹായത്തിനുമായി ഉപയോഗിക്കും.

എം.എസ് എം.ഇ മേഖലക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന കോവിഡ് സമാശ്വാസപദ്ധതി താഴെ പറയുന്ന പദ്ധതികളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

1. ‘വ്യവസായ ഭദ്രത’ സ്കീമിൽ പ്രഖ്യാപിച്ച പലിശ ധനസഹായത്തിന്റെ കാലാവധി 2020 ഡിസംബർ 31 എന്നതിൽ നിന്നും 2021 ഡിസംബർ 31 വരെ ദീർഘിപ്പിച്ചു.  എല്ലാ ചെറുകിട- സൂക്ഷ്മ-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും ഒരു വർഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം നൽകും. ഇത്തരത്തിൽ ഒരു യൂണിറ്റിന് 1,20,000 രൂപ വരെ ലഭിക്കും. ആകെ 400 കോടി രൂപയുടെ ഈ പാക്കേജിൽ 5000 സംരംഭകർക്ക് സഹായം ലഭ്യമാക്കും. 

2. സംരംഭകത്വ സഹായ പദ്ധതി പ്രകാരമുള്ള ധനസഹായം വർധിപ്പിക്കും.  അർഹരായ യൂണിറ്റുകൾക്കുള്ള സബ്സിഡി 20 ലക്ഷം എന്നുള്ളത് 30 ലക്ഷം ആക്കി ഉയർത്തി. വ്യവസായിക പിന്നോക്ക ജില്ലകളിലും  മുൻഗണനാ വ്യവസായ സംരംഭങ്ങൾക്കും നൽകുന്ന സബ്സിഡി 30 ലക്ഷം  എന്നുള്ളത് 40 ലക്ഷം ആയും ഉയർത്തി. 3000 യൂണിറ്റുകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. 
വിവിധ സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നായി 445 കോടി രൂപയാണ് ഇതിനായി ഉപയോഗിക്കുന്നത്. വനിത- യുവ – പട്ടികജാതി പട്ടികവർഗ്ഗ – എൻ.ആർ.കെ സംരംഭകർക്കും 25 ശതമാനം വരെ സഹായം ഈ പദ്ധതിയിലൂടെ ലഭിക്കും. 
മുൻഗണനാ വ്യവസായ സംരംഭങ്ങളായ റബ്ബർ, കൃഷി, ഭക്ഷ്യ സംസ്കരണം, വസ്ത്ര നിർമ്മാണം, പാരമ്പര്യേതര ഊർജ്ജ ഉല്പാദനം, ഉപകരണ നിർമ്മാണം, ബയോ ടെക്നോളജി വ്യവസായം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പുനരുപയോഗ യൂണിറ്റുകൾ , ജൈവ – കീടനാശിനി നിർമ്മാണ യൂണിറ്റുകൾ എന്നിവക്ക് 45 ശതമാനം സഹായം സബ്സിഡിയായി ലഭിക്കും. സഹായത്തിൻ്റെ തോത് 40 ലക്ഷത്തിൽ അധികരിക്കരുതെന്ന വ്യവസ്ഥയോടെ 45 ശതമാനം വരെ വർധിപ്പിച്ചു. വ്യവസായിക പിന്നോക്ക ജില്ലകളായ ഇടുക്കി, വയനാട്, കാസർഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിലെ സംരംഭകർക്കും 45 ശതമാനം സബ്സിഡിയായി നൽകും. 

3. നാനോ യൂണിറ്റുകൾക്കുള്ള സഹായങ്ങളും വിപുലപ്പെടുത്തി. സേവന രംഗത്ത് പ്രവർത്തിക്കുന്ന നാനോ യൂണിറ്റുകൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക. ആകെ 60 കോടി രൂപയുടെ ധനസഹായമാണ് മേഖലയിൽ നൽകുന്നത്. 600 യൂണിറ്റുകൾക്ക് വരെ പ്രയോജനം ലഭ്യമാക്കും. 

4. നാനോ യൂണിറ്റുകൾക്കുള്ള പലിശ സബ്സിഡി പദ്ധതികൾ – അഞ്ച് ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകൾക്കാണ് നിലവിൽ പലിശ സബ്സിഡി ലഭിച്ചിരുന്നത്. എന്നാൽ ഇത് 10 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകൾക്കും ലഭ്യമാക്കും. സേവന രംഗത്ത് പ്രവർത്തിക്കുന്ന 10 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള
നാനോ യൂണറ്റുകൾക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും. 30 കോടി രൂപയുടെ വായ്പ ഇതിലൂടെ നാനോ യൂണിറ്റുകൾക്ക് ലഭിക്കും.

5. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപറേഷനിൽ നിന്ന് വായ്പയെടുത്ത തുക  ലോക് ഡൗൺ സാഹചര്യത്തിൽ തിരിച്ചടക്കാൻ കഴിയാത്തവർക്ക് അവരുടെ അക്കൗണ്ടിൽ ബാഡ് ഡെബ്റ്റ് രേഖപ്പെടുത്തില്ല.  179 കോടി രൂപയുടെ വായ്പ ഇപ്രകാരം ഇതിനായി പുന:ക്രമീകരിക്കും. 

6. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപറേഷൻ വായ്പകൾക്കു പ്രഖ്യാപിച്ച മൊറട്ടോറിയം 2021 ജൂൺ വരെ ദീർഘിപ്പിച്ചു. ഇതിൻ്റെ മൂന്നു മാസത്തെ പലിശയും ഒഴിവാക്കി. 66 ലക്ഷം രൂപയുടെ ബാധ്യത ഇതിലൂടെ ഏറ്റെടുക്കുകയാണ്.

7. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപറേഷൻ ഉപഭോക്താക്കളുടെ ഒരു വർഷത്തേക്കുള്ള പിഴ പലിശയും ഏപ്രിൽ മുതൽ ഒരു വർഷത്തേക്ക്  ഒഴിവാക്കി നൽകും.

8. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപറേഷൻ ആദ്യ ഘട്ടമെന്ന നിലയിൽ ചെറുകിട- സൂക്ഷ്മ-ഇടത്തരം സംരംഭകർക്കായി അഞ്ച് ശതമാനം പലിശയിൽ 100 കോടി രൂപ വായ്പയായി നൽകും.  150 സംരംഭങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

9. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപറേഷൻ, തിരിച്ചെത്തിയ പ്രവാസികൾക്കായി അഞ്ച് ശതമാനം നിരക്കിൽ വായ്പ അനുവദിക്കുന്ന പദ്ധതികൾക്കും രൂപം നൽകും. നോർക്കയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. 

10. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണ മേഖലയിലെ വ്യവസായങ്ങൾക്കായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപറേഷൻ പ്രത്യേക ലോൺ പാക്കേജുകളും പ്രഖ്യാപിച്ചു. 100 കോടി രൂപ വരെയാണ് ഇതിനായി മാറ്റി വച്ചിരിക്കുന്നത്.  അഞ്ച് ശതമാനം പലിശയിലായിരിക്കും സംരംഭകർക്ക് ലോൺ ലഭ്യമാക്കുക. 

11.  സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളുടെ ഗുണഭോക്താക്കൾക്ക് 2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വാടക കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപറേഷൻ ഒഴിവാക്കി. 

12. 2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നു മാസത്തെ കോമൺ ഫസിലിറ്റി ചാർജും ഒഴിവാക്കി. 

13. ലോണുകളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 ഡിസംബർ 31 വരെ തുടരും. 

14. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപറേഷൻ വ്യവസായ ആവശ്യങ്ങൾക്കായി ഭൂമി നൽകും. ഇതിൻ്റെ ഡൗൺ പേമെന്റ് ആകെ തുകയുടെ 20 ശതമാനം നൽകിയാൽ മതി. ബാക്കി 80 ശതമാനം അഞ്ച് തുല്യഗഡുക്കളായി കൈമാറിയാൽ മതി. ഇതിന് പലിശ ഈടാക്കുന്നതല്ല. 

15. കിൻഫ്രയുടെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളിലെ ഗുണഭോക്താക്കൾക്ക് മൂന്നു മാസത്തെ വാടക ഒഴിവാക്കി. 

16. കിൻഫ്രയുടെ ഗുണഭോക്താക്കളുടെ ഏപ്രിൽ മുതൽ ജൂൺ വരെ മൂന്നു മാസത്തെ സി.എഫ്.സി. ചാർജുകളും ഒഴിവാക്കി. 

17. കിൻഫ്രയുടെ കീഴിലുള്ള വ്യവസായിക പാർക്കുകളിലെ ഭൂമി വില 2020 മാർച്ചിലെ നിരക്കിൽ നില നിർത്തും. ഭൂമി അനുവദിച്ചവർക്ക് ആകെ തുകയുടെ 20 ശതമാനം ഡൗൺ പേമെന്റ് നൽകി ഭൂമി വാങ്ങാം. ബാക്കി തുക തുല്യ അഞ്ചു ഗഡുക്കളായി ഓരോ വർഷവും നൽകണം. ഇതിന് പലിശ ഈടാക്കുന്നതല്ല. 

18. ആവശ്യമുള്ള ഗുണഭോക്താക്കൾക്ക് കിൻഫ്രയുടെ നേതൃത്വത്തിൽ വായ്പകളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അനുവദിക്കും.

സഹായ പദ്ധതി ചെറുകിട വ്യവസായ മേഖലക്ക് ഉണർവ്വ് പകരുമെന്ന് ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. ഖാലിദ് പറഞ്ഞു. പദ്ധതിയിലെ ഇളവുകൾ സംരംഭകർക്ക് ആശ്വാസമാകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് സംസ്ഥാന ചെയർമാൻ ശ്രീനാഥ് വിഷ്ണു പറഞ്ഞു. വ്യവസായലോകം കാത്തിരുന്ന പ്രഖ്യാപനമാണിതെന്ന് ഫിക്കി കേരള കോ-ചെയർമാൻ ദീപക് അശ്വിനി പറഞ്ഞു.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, വ്യവസായ വകുപ്പ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരും വെബിനാറിൽ സംസാരിച്ചു.