കേരള ഉൾക്കടൽ മത്സ്യബന്ധനം; അനുമതി ഉടൻ: സജിച്ചേരിയാൻ

Share

കൊച്ചി – ഉൾക്കടൽ മത്സ്യബന്ധനത്തിന് സംസ്ഥാനം ഉടനേ അനുമതി നൽകുമെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതിനായി തെരഞ്ഞെടുത്ത മത്സ്യതൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ തന്നെ പരിശീലനം നൽകും. ഉൾക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകാതെ, 12 നോട്ടിക്കൽ മൈൽ ദൂരപരിധിക്കുള്ളിൽ വലവീശിയാലൊന്നും ആവശ്യത്തിന് മീൻ ലഭിക്കല്ലെന്നും സജി ചെറിയാൻ പറഞ്ഞു. കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) ഫിഷറീസ് രംഗത്തും അക്വാകൾച്ചർ കൃഷി രീതികളിലും വരുത്തേണ്ട കാലാനുസൃത മാറ്റങ്ങളെ കുറിച്ച് ചർച്ചചെയ്യാനായി ചേർന്ന ദേശിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സംസ്ഥാന ഫിഷറീസ് മന്ത്രി.

മലയാളിക്ക് ഭക്ഷിക്കാൻ ഇഷ്ടമുള്ള രുചിയുള്ള മത്സ്യം കൃഷിചെയ്യാനുള്ള സാങ്കേതികവിദ്യയുടെ അഭാവം, ജലാശയങ്ങളിൽ മത്സ്യങ്ങൾക്ക് വളരാൻ കഴിയാത്തവണ്ണമുള്ള അമിതമായ മാലിന്യതോത്, മത്സ്യകൃഷിയേക്ക് വരുന്ന കർഷകന് ലാഭകരമായി കൃഷി തുടരാനുള്ള സാഹചര്യത്തിൻറെ അഭാവം, കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ- ഈ കാരണങ്ങളാണ് കേരളത്തിലെ അക്വാകൾച്ചർ രംഗം നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ഫിഷറീസ് ഡിപ്പാർട്ട്മെൻറിൻറെ കാര്യക്ഷതമ ഇല്ലായ്മയും സ്ഥിതിഗതി വഷളാക്കുന്നു. ക്രിയാത്മകമായ ഒരു ഫലവും നൽകാതെ എല്ലാവർഷവും കോടിക്കണക്കിന് രൂപ പാഴാക്കിക്കളയുന്ന വകുപ്പായിരിക്കുന്നു ഫിഷറീസ് ഡിപ്പാർട്ട്മെൻറ്. ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകണം, മാറേണ്ടവർ മാറണമെന്നും മന്ത്രി സജി ചെറീയാൻ പറഞ്ഞു.

മുൻഫിഷറീസ് മന്ത്രി കെ ബാബു എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ഫിഷറീസ് ഡയറക്ടർ ആർ.ഗിരിജ, കുഫോസ് വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ, രജിസ്ട്രാർ ഡോ.ബി.മനോജ്കുമാർ, ഫിഷറീസ് ഡീൻ ഡോ.റോസ്ലിൻറ് ജോർജ് എന്നിവർ പ്രസംഗിച്ചു. മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാർ വെള്ളിയാഴ്ച വൈകീട്ട് സമാപിക്കും. പരിസ്ഥിതി സൌഹൃദമായ സുസ്ഥിര മത്സ്യകൃഷിരീതികളിലൂടെ മത്സ്യ ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കുകയും അതുവഴി മത്സ്യകർഷകരുടെ വരുമാനം വലിയതോതിൽ ഉയർത്തുകയും ചെയ്യുന്ന തരത്തിലുള്ള മാതൃക വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കുഫോസും ഫിഷറീസ് ഡിപ്പാർട്ട്മെൻറും സംയുക്തമായാണ് ദേശിയ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

ഫോട്ടോ- സംസ്ഥാനത്തെ ഫിഷറീസ് രംഗത്തും അക്വാകൾച്ചർ കൃഷി രീതികളിലും വരുത്തേണ്ട കാലാനുസൃത മാറ്റങ്ങളെ കുറിച്ച് ചർച്ചചെയ്യാനായി ചേർന്ന ദേശിയ സെമിനാർ കുഫോസിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു. കുഫോസ് രജിസ്ട്രാർ ഡോ.ബി.മനോജ്കുമാർ, വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ, മന്ത്രി കെ ബാബു എം.എൽ.എ, സംസ്ഥാന ഫിഷറീസ് ഡയറക്ടർ ആർ.ഗിരിജ എന്നിവർ സമീപം.

Leave a Reply

Your email address will not be published.