കുപ്പിവെള്ള വില നിയന്ത്രണം: കേരള സർക്കാർ അപ്പീൽ നൽകും മന്ത്രി ജി.ആർ. അനിൽ

Share

ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13 രൂപ വില നിശ്ചയിച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ നിയമ വശം പരിശോധിച്ച് സർക്കാർ അപ്പീൽ പോകുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഉപഭോക്താക്കളായ സാധാരണ ജനങ്ങളുടെ താത്പര്യമാണ് സർക്കാരിന് മുഖ്യമെന്നും ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നിലെ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ കോടതി പ്രശംസിക്കുകയുണ്ടായെന്ന് മന്ത്രി പറഞ്ഞു.  എന്നാൽ 1955-ലെ എസൻഷ്യൽ കമോഡിറ്റീസ് ആക്റ്റിന്റെ പരിധിയിൽ വരുന്ന ഭക്ഷ്യ പദാർത്ഥമെന്ന ഇനത്തിലാണ് കുടിവെള്ളം വരികയെന്നും 1986 ലെ കേരള എസൻഷ്യൽ ആർട്ടിക്കിൾ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമാണ് കോടതി കണ്ടെത്തിയത്.  എന്നാൽ കുപ്പിവെള്ളം വേറിട്ട സ്വഭാവമുള്ള ഒരു വാണിജ്യ ഉൽപ്പന്നമാണെന്നാണ് കേരള സർക്കാർ നിലപാട്.
രണ്ടു മാസത്തിനുള്ളിൽ ഈ വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.  ജനതാത്പര്യം മുൻനിർത്തി ഇക്കാര്യത്തിൽ കേരള സർക്കാർ കൈക്കൊണ്ട നടപടിയെ പിന്തുണയ്ക്കാൻ കേന്ദ്രം തയ്യാറാവണം.  ആവശ്യമായ നിയമനടപടികൾ ഇതിനനുസൃതമായി ഹൈക്കോടതിയിൽ കൈക്കൊള്ളാൻ കേന്ദ്രം തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.