കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങൾ: മന്ത്രി വീണാ ജോർജ്

Share

കരുതലോടെ കേരളം: മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു
15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായും കരുതൽ ഡോസിനായും സംസ്ഥാനം മുന്നൊരുക്കം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷന് വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനമൊരുക്കും. മുതിർന്നവരുടേയും കുട്ടികളുടേയും വാക്സിനേഷനുകൾ കൂട്ടിക്കലർത്തില്ല. കുട്ടികൾക്ക് ആദ്യമായി കോവിഡ് വാക്സിൻ നൽകുന്നതിനാൽ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കും. വാക്സിനേഷന് മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും. കുട്ടികൾക്ക് കോവാക്സിനായിരിക്കും നൽകുക എന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. 15 ലക്ഷത്തോളം വരുന്ന കുട്ടികളാണ് ഈ വിഭാഗത്തിൽ വരുന്നത്. ഒമിക്രോൺ പശ്ചാത്തലത്തതിൽ എല്ലാവരും തങ്ങളുടെ കുട്ടികൾക്ക് വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശം അനുസരിച്ചായിരിക്കും ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ, 60 വയസിന് മുകളിലുള്ള അനുബന്ധ രോഗമുള്ളവർ എന്നിവർക്ക് കരുതൽ ഡോസ് നൽകുക. രണ്ടാം ഡോസ് വാക്സിൻ എടുത്ത ശേഷം 9 മാസങ്ങൾക്ക് ശേഷമാണ് കരുതൽ ഡോസ് നൽകുന്നത്.
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ 98 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 78 ശതമാനവും ആയി. ഒന്നും രണ്ടും ഡോസ് ചേർത്ത് 4.67 കോടിയിലധികം പേർക്ക് വാക്സിൻ നൽകി. കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കുന്നതിന് മുമ്പ് ആദ്യ ഡോസ് വാക്സിനെടുക്കാൻ ബാക്കിയുള്ളവരും രണ്ടാം ഡോസ് എടുക്കാൻ സമയം കഴിഞ്ഞവരും വാക്സിൻ സ്വീകരിക്കേണ്ടതാണ്. സംസ്ഥാനത്ത് 25 ലക്ഷത്തോളം ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്. ജനുവരി രണ്ട് കഴിഞ്ഞാൽ കുട്ടികളുടെ വാക്സിനേഷനായിരിക്കും പ്രാധാന്യം നൽകുക. തിരക്കൊഴിവാക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം വാക്സിൻ എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.