കാബൂളില്‍ വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഫുട്‌ബോള്‍ താരവും

Share

കാബൂളില്‍ അമേരിക്കന്‍ സൈനിക വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഫുട്‌ബോള്‍ താരവും. അഫ്ഗാനിസ്താന്‍ ഫുട്‌ബോള്‍ ദേശീയ ടീമംഗം സാക്കി അന്‍വാരി(19)യാണ് മരിച്ചത്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കിയതോടെയാണ് ജീവന്‍ ഭയന്ന് സ്വദേശികളും വിദേശികളും രക്ഷപെടാന്‍ ശ്രമിച്ചത്. കാബൂള്‍ വിമാനത്താവളത്തില്‍ ഇരച്ചെത്തിയ ജനങ്ങള്‍ ഏതുവിധേനയും രക്ഷപെടണമെന്ന ചിന്തയിലാണ് അമേരിക്കയുടെ സൈനിക വിമാനത്തിന്റെ ചിറകുകളിലടക്കം പറ്റിപ്പിടിച്ച് കയറാന്‍ ശ്രമിച്ചത്. അതിനിടെ ചക്രത്തില്‍ ശരീരം ബന്ധിച്ച് രക്ഷപെടാന്‍ ശ്രമിച്ച രണ്ടുപേര്‍ താഴേക്ക് വീണുമരിക്കുകയായിരുന്നു.വിമാനത്തില്‍ നിന്ന് രണ്ടുപേര്‍ താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തെഹ്‌റാന്‍ ടൈംസായിരുന്നു ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. താലിബാനെ ഭയന്ന് പ്രാണരക്ഷാര്‍ത്ഥം ഓടിയൊളിക്കുന്ന അഫ്ഗാന്‍ ജനതയുടെ എക്കാലത്തെയും പേടിപ്പിക്കുന്ന ദൃശ്യവും വാര്‍ത്തയുമായി ഇവ മാറിക്കഴിഞ്ഞു.
കാബൂളില്‍ നിന്നും വിമാനം പറന്നുയര്‍ന്നയുടന്‍ രണ്ട് പേര്‍ വീഴുന്നതാണ് വിഡിയോയിലുള്ളത്. വിമാനത്തിന്റെ ചക്രത്തോട് ചേര്‍ത്ത് ശരീരം കയര്‍ കൊണ്ട് ബന്ധിപ്പിച്ചാണ് ഇവര്‍ അഫ്ഗാന്‍ വിടാന്‍ ശ്രമിച്ചത്. എന്നാല്‍, ഈ ശ്രമം വിഫലമാവുകയായിരുന്നു. താലിബാന്‍ അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചതോടെ നിരവധി പേരാണ് രാജ്യം വിടാനുള്ള ശ്രമം നടത്തുന്നത്.