ഇന്ന് ചെറിയ പെരുന്നാള്‍; പാലിക്കാം കോവിഡ് നിയന്ത്രണങ്ങള്‍

Share

വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലാണ് ഇത്തവണ പെരുന്നാള്‍ ആഘോഷം. ഈദ് ഗാഹുകളും പൊതു പ്രാര്‍ഥനകളും ഇല്ലാത്തതിനാല്‍ വീടുകളില്‍ ഒതുങ്ങിയുള്ള ആഘോഷങ്ങളാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെറിയ പെരുന്നാളിന്റെ ആശംസകള്‍ നേര്‍ന്നു.

മഹാവ്യാധിക്ക് മുന്‍പില്‍ ലോകം മുട്ടുമടക്കാതെ ഒരുമയോടെ പൊരുതുമ്പോള്‍ അതിജീവനത്തിന്റെ ഉള്‍ക്കരുത്ത് നേടാന്‍ വിശുദ്ധ മാസം വിശ്വാസ ലോകത്തിന് കരുത്ത് പകര്‍ന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒത്തുചേരലുകളും സന്തോഷം പങ്കുവയ്ക്കലുകളും ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിലും പ്രധാനമാണ്.

എന്നാല്‍, കൂട്ടംചേരലുകള്‍ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങള്‍ കുടുംബത്തില്‍ തന്നെ ആകണം. പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിച്ച് വ്രത കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.