അവശർക്ക് സഹായം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി വി.എൻ. വാസവൻ

Share

*ചുമട്ട് തൊഴിലാളികൾക്കുള്ള പരസ്പര ജാമ്യ വായ്പ ഉദ്ഘാടനം ചെയ്തു
കോവിഡ് മഹാമാരിക്കാലത്ത് അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് അവശ്യം വേണ്ട സഹായങ്ങൾ നൽകുന്നതിന് കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ മേഖലകളിലും സഹായം എത്തിക്കാൻ കഴിഞ്ഞുവെന്ന് സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ചുമട്ടു തൊഴിലാളി ക്ഷേമ നിധി ബോർഡ് അംഗങ്ങൾക്ക് കേരള ബാങ്ക് നൽകുന്ന പരസ്പര ജാമ്യ വായ്പയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരള ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കീഴിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള വായ്പാ സഹായം സർക്കാർ നിർദ്ദേശ പ്രകാരം കേരള ബാങ്കാണ് ആസൂത്രണം ചെയ്തത്. പദ്ധതി സംസ്ഥാന വ്യാപകമായാണ് നടപ്പിലാക്കുന്നത്. ക്ഷേമനിധി അംഗങ്ങളായ ചുമട്ടു തൊഴിലാളികൾക്ക് കേരള ബാങ്കിന്റെ ശാഖകളിൽ നിന്ന് വായ്പ ലഭ്യമാക്കും. കേരള ബാങ്ക് കൊല്ലം മിനി ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങ് മന്ത്രി ഓൺലൈനിലാണ് ഉദ്ഘാടനം ചെയ്തത്.
കേരള ബാങ്ക് പ്രസിഡൻറ് ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷനായ ചടങ്ങിൽ വായ്പാ പദ്ധതിയെ കുറിച്ച് ബാങ്ക് സിഇഒ പി.എസ്. രാജൻ വിശദീകരിച്ചു. ഡയറക്ടർ ഹരിശങ്കർ, ബാങ്ക് ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ എന്നിവർ ആശംസ പറഞ്ഞു. ഡയറക്ടർ ജി.ലാലു സ്വാഗതവും കേരള ബാങ്ക് കൊല്ലം സിപിസി ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. രവി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *